22 ജൂലൈ 2016

മനുഷ്യന്‍ ചന്ദ്രനില്‍



മനുഷ്യന്‍ചന്ദ്രോപരിതലത്തിൽ ഇറങ്ങിയിട്ട്  നാൽപ്പത്തിഴേയ് വർഷം!!


      ചാന്ദ്രപര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യു.എസ്. ആസൂത്രണം ചെയ്ത ബഹിരാകാശ പദ്ധതി. യവനപുരാണത്തിലെ സൂര്യദേവന്‍ 'അപ്പോളോ'യെ അവലംബിച്ചാണ് ഐതിഹാസികമായ 'ചാന്ദ്രയാത്രാപദ്ധതി'ക്ക് 'അപ്പോളോ പദ്ധതി' എന്നു പേരിട്ടത്. അപ്പോളോ ബഹിരാകാശ പേടകവും സാറ്റേണ്‍ വിക്ഷേപിണിയും ആണ് ഈ യാത്രകള്‍ക്ക് ഉപയോഗിച്ചത്.

     ഐസക് ന്യൂട്ടന്റെ 'ഗുരുത്വാകര്‍ഷണതത്ത്വം' അനുസരിച്ചുതന്നെ ചാന്ദ്രയാത്ര സാധ്യമാണെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നു. ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നു; ഭൂമി ചന്ദ്രനെയും ഭൂമിയെ ചന്ദ്രനും ആകര്‍ഷിക്കുന്നു. ചന്ദ്രന്റെ ഗതിവേഗവും ഭൂഗുരുത്വാകര്‍ഷണവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനില്ക്കുന്നു. ഈ ശക്തികളെ അതിലംഘിക്കുക എന്നതാണ് ചാന്ദ്രയാത്ര സാധിക്കാനുള്ള മാര്‍ഗം. ഭൂമിയുടെ ആകര്‍ഷണത്തെ ശക്തിയായി പ്രതിരോധിക്കുകയും ആ മേഖല കടന്ന് ചന്ദ്രന്റെ ആകര്‍ഷണമേഖലയില്‍ പ്രവേശിക്കുകയും ആണ് ആദ്യഘട്ടം. തുടര്‍ന്ന് ചന്ദ്രന്റെ ആകര്‍ഷണം കൊണ്ടുതന്നെ ചന്ദ്രനിലേക്ക് എത്താന്‍ കഴിയും. പക്ഷേ വേഗത നിയന്ത്രിച്ചില്ലെങ്കില്‍ വാഹനം കുത്തനെ ചന്ദ്രനില്‍ ചെന്നിടിക്കും. ഈ നിയന്ത്രണം സാധിക്കുന്നതു റോക്കറ്റുകളുടെ സഹായത്താലാണ്.

       യു.എസ്. പ്രസിഡന്റ് ഐസനോവറിന്റെ കാലത്താണ് അപ്പോളോ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കപ്പെട്ടത്. മനുഷ്യനിയന്ത്രിത ബഹിരാകാശ പദ്ധതികളായ 'മെര്‍ക്കുറി', 'ജെമിനി' എന്നിവയുടെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് അപ്പോളോ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. 1960-കളില്‍ തന്നെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ പദ്ധതി പ്രസിഡന്റ് കെന്നഡി പുനഃസംവിധാനം ചെയ്തു (1961). ചന്ദ്രനെയും ചാന്ദ്രമണ്ഡലത്തേയും കുറിച്ച് മെര്‍ക്കുറി - ജെമിനി പദ്ധതികള്‍, യു.എസ്.എസ്.ആറിന്റെ ലൂണാര്‍ പദ്ധതി തുടങ്ങിയവ നല്‍കിയ  അറിവുകള്‍ അടിസ്ഥാനമാക്കി പ്രാതികൂല്യങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നവിധത്തിലാണ് അപ്പോളോവാഹനങ്ങള്രൂപകല്പന ചെയ്തത്.


 


അപ്പോളോ വാഹനം - ഘടന.

       അപ്പോളോ വാഹനത്തിന് 3 ഭാഗങ്ങളുണ്ട്: മുഖ്യവാഹനം അഥവാ മാതൃപേടകം (command module), സാധനസാമഗ്രികള്‍ നിറച്ച പേടകം (Service module), ചാന്ദ്രപേടകം (Lunar module). യാത്രയുടെ ഭൂരിഭാഗവും മൂന്നു സഞ്ചാരികള്‍ ഒരുമിച്ചു മാതൃപേടകത്തില്‍ കഴിയുന്നു. അതില്‍ ആഫീസ്മുറിയും കിടക്കമുറിയും ഊണുമുറിയും കുളിമുറിയും മറ്റും സജ്ജീകരിച്ചിരിക്കും. മാതൃപേടകവും ഭൂമിയിലെ ബഹിരാകാശകേന്ദ്രവും തമ്മില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നു. യാത്രയുടെ ആരംഭത്തില്‍ സര്‍വീസ് മോഡ്യൂള്‍ മാതൃപേടകത്തോടു ചേര്‍ത്തു ഘടിപ്പിച്ചിരിക്കും. സര്‍വീസ് മോഡ്യൂളിലാണ് റോക്കറ്റ് ഇന്ധനവും യാത്രയില്‍ സഞ്ചാരികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ മുതലായവയും സംഭരിച്ചുവയ്ക്കുന്നത്. മൂന്നാമത്തെ ഭാഗമായ ചാന്ദ്രപേടകം സര്‍വീസ് മോഡ്യൂളിന് അടിയിലായിട്ടാണ് യാത്രയുടെ ആരംഭത്തില്‍ ഘടിപ്പിച്ചുവയ്ക്കുന്നത്. യാത്രാമധ്യത്തില്‍ ചാന്ദ്രപേടകം സര്‍വീസ് മോഡ്യൂളിനു മുകളിലായി മാതൃപേടകത്തോടു ചേര്‍ത്തു ഘടിപ്പിക്കും.

     ചാന്ദ്രമണ്ഡലത്തില്‍വച്ച് ചാന്ദ്രപേടകം മാതൃപേടകത്തില്‍നിന്നു വേര്‍പെട്ട് ചാന്ദ്രപ്രതലത്തിലേക്കു യാത്ര ചെയ്യും. ചാന്ദ്രപേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട് - ആരോഹണഭാഗവും (ascent stage) അവരോഹണഭാഗവും (descent stage). രണ്ടും ഒന്നിച്ചു ചാന്ദ്രപ്രതലത്തില്‍ ഇറങ്ങുന്നു. അവരോഹണഭാഗം പ്രവര്‍ത്തിപ്പിച്ചാണ് ചാന്ദ്രപ്രതലത്തില്‍ ഇറങ്ങുന്നത്. ആരോഹണഭാഗത്താണ് രണ്ടു സഞ്ചാരികള്‍ നില്ക്കുന്നത്. ചാന്ദ്രപേടകം വേര്‍പെട്ടശേഷം മാതൃപേടകം ചന്ദ്രനെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കും. ചാന്ദ്രപേടകത്തിലെ സഞ്ചാരികള്‍ വെളിയിലിറങ്ങി നിര്‍ദിഷ്ട പരീക്ഷണങ്ങള്‍ നടത്തി, തിരിച്ചു പേടകത്തില്‍ കയറി അവരോഹണഭാഗം ഒരു വിക്ഷേപണത്തട്ടാ(launching pad)യി ഉപയോഗിച്ച്, ആരോഹണഭാഗത്തില്‍ മുകളിലേക്കു പറന്ന് മാതൃപേടകവുമായി സന്ധിക്കുന്നു. ആരോഹണഭാഗം ചാന്ദ്രപ്രതലത്തിലേക്ക് ഉപേക്ഷിച്ചുകളയുകയാണ് പതിവ്.

    മാതൃപേടകവും ചാന്ദ്രപേടകവും തമ്മില്‍ ചേര്‍ക്കുകയും വേര്‍പെടുത്തുകയും ചെയ്യാനുള്ള സജ്ജീകരണങ്ങളുണ്ട്. മാതൃപേടകം മാത്രമാണ് തിരികെ വന്നു സമുദ്രത്തില്‍ ഇറങ്ങുക. വഴിയില്‍വച്ച് സര്‍വീസ് മോഡ്യൂള്‍ ഉപേക്ഷിച്ച് ഭാരക്കുറവുവരുത്തുന്നു. നിശ്ചിതവേഗം കൈവരുത്തി ഭൂമിയുടെ സമീപത്ത് എത്തിയാല്‍പിന്നെ സര്‍വീസ് മോഡ്യൂളിന്റെ ആവശ്യമില്ല.

അപ്പോളോ യാത്രകള്‍ (അപ്പോളോ 1-6)

     ആദ്യത്തെ അപ്പോളോവാഹനം 1967 ജനു. 27-നു പ്രയാണസജ്ജമായി. 14 ദിവസം ബഹിരാകാശത്തില്‍ ഭൂമിയെ ചുറ്റി പറക്കാനാണ് അപ്പോളോ 1 തയ്യാറാക്കിയത്. വെര്‍ജില്‍ ഗ്രിസ്സം (Virgil Grissom), എഡ്വേര്‍ഡ് വൈറ്റ് (Edward White), റോജര്‍ ചാഫി (Roger Chaffee) എന്നിവര്‍ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിടയില്‍ തീ പിടിച്ചതുകൊണ്ട് ലക്ഷ്യം നേടാതെ മൂന്നു ബഹിരാകാശയാത്രികരും എരിഞ്ഞു ചാമ്പലായി. ഈ ദുരന്തം അപ്പോളോ പദ്ധതിക്ക് മാന്ദ്യം വരുത്തി. വൈദ്യുത ബന്ധങ്ങള്‍ക്കു നേരിട്ട തകരാറുകളാണ് ഈ ദുരന്തത്തിനു കാരണമായത്. തുടര്‍ന്ന് നടന്ന മൂന്ന് അപ്പോളോ ദൌത്യങ്ങളിലും മനുഷ്യന്‍ കയറിയിരുന്നില്ല; അപ്പോളോ 4 (1967 ന. 9) മാതൃപേടക എന്‍ജിനുകളും സാറ്റേണ്‍ V വിക്ഷേപിണിയും പരീക്ഷിക്കുന്നതിനായി പറന്നു; അപ്പോളോ 5 (1968 ജനു. 22) ബഹിരാകാശത്ത് ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങള്‍ പരീക്ഷണവിധേയമാക്കി; അപ്പോളോ 6 (1968 ഏ. 4) അപ്പോളോ വാഹനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിരീക്ഷണ വിധേയമാക്കി.
അപ്പോളോ വിക്ഷേപണം

    ഈ പരീക്ഷണ പറക്കലുകളില്‍ നേരിട്ട പ്രയാസങ്ങള്‍ പരിഹരിച്ചു കൊണ്ട് 1968 ഒ. 11-ന് അപ്പോളോ പദ്ധതിയില്‍ മനുഷ്യനെയും വഹി ച്ചുകൊണ്ടുള്ള ആദ്യത്തെ ബഹിരാകാശ പേടകം യാത്ര തിരിച്ചു.
അപ്പോളോ 7

    1968 ഒ. 11-ന് അപ്പോളോ 7 ബഹിരാകാശത്തിലേക്ക് യാത്രതിരിച്ചു. ഇതില്‍ വാള്‍ട്ടര്‍ എം. ഷിറാ ജൂനിയര്‍ (Walter M Schirra Jr), ഡോണ്‍ എഫ്. ഐസല്‍ (Donn F Eisele), റോണി വാള്‍ട്ടര്‍ കണ്ണിങ്ഹാം (Ronnie Walter Cunningham) എന്നിവര്‍ 11 ദിവസം ബഹിരാകാശയാത്ര നടത്തിയശേഷം 22-ന് അത്ലാന്തിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി. വാഹനവും അതിലെ യാത്രക്കാരും ബഹിരാകാശത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോളോ 7-ന്റെ മുഖ്യലക്ഷ്യം.

            

    3 അപ്പോളോ 810. അപ്പോളോവാഹനം ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് അകന്നു ചാന്ദ്രമണ്ഡലത്തില്‍ എത്തുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നു പരീക്ഷിക്കുന്നതിനായി അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു. 1968 ഡി. 21-ന് ഫ്രാങ്ക് ബോര്‍മന്‍ (Frank Borman), ജെയിംസ് ലോവല്‍ (James Lovell), വില്യം ആന്‍ഡേര്‍സ് (William Anders) എന്നിവര്‍ ഇതില്‍ ചന്ദ്രനിലേക്ക് യാത്രതിരിച്ചു. അപ്പോളോ 8 ചന്ദ്രനില്‍നിന്ന് 112 കി.മീ. ദൂരത്തില്‍ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങള്‍ എടുത്തു ഭൂമിയിലേക്കയച്ചു. ചാന്ദ്രയാത്രികര്‍ ചന്ദ്രനെ 10 പ്രാവശ്യം പ്രദക്ഷിണം വച്ചശേഷം ഡി. 27-ന് ഭൂമിയില്‍ തിരിച്ചെത്തി. അപ്പോളോ 8-ന്റെ വിജയം മനുഷ്യന് ചന്ദ്രനില്‍ സന്ദര്‍ശനം നടത്താന്‍ കൂടുതല്‍ ധൈര്യം നല്കി. ചന്ദ്രനില്‍ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെ ആകര്‍ഷണമണ്ഡലത്തില്‍വച്ചും ചന്ദ്രന്റെ ആകര്‍ഷണമണ്ഡലത്തില്‍വച്ചും പരീക്ഷിച്ചുനോക്കുകയാണ് അപ്പോളോ 9-ഉം 10-ഉം ചെയ്തത്

.
      അപ്പോളോ 9, 1969 മാ. 3-ന് പുറപ്പെട്ടു. ജെയിംസ് എ. മക്ഡിവിറ്റ് (James A.McDivitt), ഡേവിഡ് ആര്‍. സ്കോട്ട് (David R.Scott), റസ്സല്‍ ആര്‍. ഷൈക്കാര്‍ട് (Russel R.Schweikart) എന്നിവരാണ് ഇതില്‍ യാത്രചെയ്തത്. ഭൂമിയുടെ ആകര്‍ഷണപരിധിയില്‍വച്ച് ചാന്ദ്രപേടകം (സ്പൈഡര്‍) മാതൃപേടകത്തില്‍നിന്നും വേര്‍പെടുത്തി. മക്ഡിവിറ്റും ഷൈക്കാര്‍ട്ടും യാത്രചെയ്തപ്പോള്‍ സ്കോട്ട് തനിയെ മാതൃപേടകം (ഗംഡ്രോപ്) നയിച്ചു. 1970 കി.മീ. സഞ്ചരിച്ച് സ്പൈഡര്‍ ഗംഡ്രോപ്പുമായി പുനഃസന്ധിച്ചശേഷം മാ. 13-ന് അത്ലാന്തിക് സമുദ്രത്തില്‍ ഇറങ്ങി.

   സന്ധിക്കലും (docking) വേര്‍പെടലും (undocking) ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍വച്ച് പരീക്ഷിച്ചു നോക്കാനായി 1969 മേയ് 18-ന് അപ്പോളോ 10 ചാന്ദ്രമണ്ഡലത്തിലേക്കു യാത്ര തിരിച്ചു. തോമസ് പി. സ്റ്റാഫോഡും (Thomas P.Stafford) യൂജിന്‍ എ. സെര്‍ണനും (Eugene A.Cernan) ചാന്ദ്രപേടകത്തില്‍ കയറി ചാന്ദ്രമണ്ഡലത്തില്‍ യാത്രചെയ്തു. ജോണ്‍ ഡബ്ള്യു. യങ് (John W.Young) മാതൃപേടകം (ചാര്‍ലി ബ്രൌണ്‍) നയിച്ചു. ചാന്ദ്രപേടകം (സ്നൂപി) ചാന്ദ്രപ്രതലത്തില്‍നിന്നു 15 കി.മീ. അകലെ പറന്ന് അപ്പോളോ 11 ഇറങ്ങേണ്ട പ്രദേശത്തിന്റെ ചിത്രങ്ങളെടുത്തു.😊  എന്നിട്ട് മാതൃപേടകവുമായി പുനഃസന്ധിച്ച് 26-ന് ഭൂമിയില്‍ തിരിച്ചെത്തി. ഇതോടുകൂടി മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച ഐതിഹാസികമായ അപ്പോളാ 11 നുള്ള വേദിയൊരുങ്ങി.



അപ്പോളോ 11

    1969 ജൂല. 16-ന് ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നു ഇന്ത്യന്‍ സമയം 19.02-ന് യാത്ര തിരിച്ചു. നീല്‍ എ. ആംസ്റ്റ്രോങ് (Neil A.Armstrong), എഡ്വിന്‍ ആല്‍ഡ്രിന്‍ (Edwin Aldrin), മൈക്കല്‍ കോളിന്‍സ് (Michael Collins) എന്നിവരായിരുന്നു യാത്രക്കാര്‍. ഭീമാകാരമായ സാറ്റേണ്‍ V (Saturn V) റോക്കറ്റ് 30 ലക്ഷം കി.ഗ്രാം ശക്തി(Kgf)-ഓടെ അപ്പോളോ 11-നെ ഉയര്‍ത്തിവിട്ടു. വിക്ഷേപണസമയത്ത് അപ്പോളോ 11-ന്റെ ഭാരം 3,100 ടണ്‍ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേണ്‍ V ചേര്‍ന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം.
അപ്പോളോ-11 ലെ യാത്രക്കാര്‍:എഡ്വിന്‍,നീല്‍ ആംസ്ട്രോങ്,മൈക്കല്‍ കോളിന്‍സ്

.
   ഏതാണ്ട് ഏഴ് മണിക്കൂറോളം വാഹനത്തിനുള്ളില്‍ കഴിച്ചു കൂട്ടിയശേഷം പ്രത്യേകതരം കുപ്പായങ്ങളും ശിരോവേഷ്ടനങ്ങളും ധരിച്ച്, ആംസ്റ്റ്രോങ് എട്ട് മണിക്ക് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. ചാന്ദ്രപ്രതലത്തില്‍ കാലുകുത്തുമ്പോള്‍ ആംസ്റ്റ്രോങ് പറഞ്ഞ വാക്കുകള്‍ ചരിത്രപ്രസിദ്ധമായിത്തീര്‍ന്നു. 'ഒരു മനുഷ്യന് അതൊരു ചെറിയ അടിവയ്പാണ്; എന്നാല്‍ മനുഷ്യവംശത്തിന് ഒരു ബൃഹത്തായ കുതിച്ചുചാട്ടവും' (That's one small step for a man;one giant leap for mankind).

   ഏതാനും നേരം ചാന്ദ്രപ്രതലത്തില്‍ നടന്നശേഷം ആംസ്റ്റ്രോങ് തിരിച്ചുവന്ന് ആല്‍ഡ്രിനെ ഏണിവഴി ഇറങ്ങാന്‍ സഹായിച്ചു. ഇത്രയും സമയം ആല്‍ഡ്രിന്‍ ആംസ്റ്റ്രോങിന്റെ ഫോട്ടോയെടുത്തു ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ചേര്‍ന്ന് യു.എസ്സിന്റെ കൊടി ചന്ദ്രനില്‍ നാട്ടി. യു.എസ്സിലേയും മുന്‍ യു.എസ്.എസ്. ആറിലേയും നിര്യാതരായ ശൂന്യാകാശ സഞ്ചാരികളുടെ മെഡലുകളും ഒരു ലോഹത്തകിടും അവിടെ നിക്ഷേപിച്ചു. ലോഹത്തകിടില്‍ ഇങ്ങനെ എഴുതിയിരുന്നു. 'ഇവിടെ ഭൂഗ്രഹത്തില്‍നിന്നുള്ള മനുഷ്യര്‍ ചന്ദ്രനില്‍ ആദ്യമായി കാല്കുത്തി. എ.ഡി. 1969 ജൂല.; സമസ്തമാനവര്‍ക്കുമായി സമാധാനപരമായി എത്തിച്ചേര്‍ന്നു.' (ഒപ്പ്) എന്‍.എ. ആംസ്റ്റ്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍, റിച്ചാര്‍ഡ് എം. നിക്സണ്‍ (പ്രസിഡന്റ്, യു.എസ്.എ.)' (Here men from the planet Earth first set foot upon the Moon,July,1969 A.D.We came in peace for all mankind .Sd/N.A.Armstrong,Michael Collins,Edwin Aldrin,Richard M.Nixon-President,U.S.A)

   ചാന്ദ്രപ്രതലത്തില്‍ 0.3-0.6 മീ. വ്യാസമുള്ള ആയിരത്തോളം വക്ത്ര(craters)ങ്ങളും അനവധി ശിലാഖണ്ഡങ്ങളും ഉണ്ടായിരുന്നു എന്നും അവരുടെ കാല്പാടുകള്‍ 0.3 സെ.മീ. ആഴത്തില്‍ പതിഞ്ഞതായും ചാന്ദ്രപ്രതലം വഴുക്കലുള്ളതായി അനുഭവപ്പെട്ടു എന്നും ഇവരുടെ വിവരണങ്ങളില്‍ നിന്നും അറിവായിട്ടുണ്ട്. ആംസ്റ്റ്രോങും ആല്‍ഡ്രിനും ചന്ദ്രനില്‍ നിന്ന് മണ്ണിന്റെയും പാറക്കല്ലുകളുടെയും സാമ്പിളുകള്‍ ശേഖരിക്കുകയും ശാസ്ത്രീയ വിവരണങ്ങള്‍ ലഭ്യമാക്കാന്‍ മൂന്ന് ഉപകരണങ്ങള്‍ - സൌരവാതത്തിന്റെ സംയോഗം നിര്‍ണയിക്കുന്ന യന്ത്രം (solar wind composition detector), ചാന്ദ്രചലനം (moon quakes), ഉല്ക്കാ പതനങ്ങളുടെ ആഘാതം തുടങ്ങിയവ നിര്‍ണയിക്കുന്ന ഉപകരണം (seismic detector), ചന്ദ്രന്റെയും ഭൂമിയുടെയും ചലനങ്ങളും അവ തമ്മിലുള്ള അകലവും മറ്റും കൃത്യമായി നിര്‍ണയിക്കുവാന്‍ സഹായകമായ ലേസര്‍ രശ്മികളെ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്ന ലേസര്‍ റിഫ്ളക്ടര്‍ (laser reflector) സജ്ജമാക്കുകയും ചെയ്തു.

.

    ഓക്സിജന്‍ ശേഖരത്തിന്റെ കുറവുമൂലം അവര്‍ക്കു കൂടുതല്‍ സമയം അവിടെ ചെലവഴിക്കാന്‍ കഴിഞ്ഞില്ല. ഏതാണ്ട് 21 മണിക്കൂര്‍ ചന്ദ്രനില്‍ കഴിച്ചശേഷം പേടകത്തിനു പുറത്ത് രണ്ടര മണിക്കൂര്‍ മാത്രമാണ് ചെലവഴിച്ചത്. കൊളംബിയ മുകളില്‍ പ്രത്യേക്ഷപ്പെട്ടപ്പോള്‍ അവര്‍ ഈഗിളിന്റെ ആരോഹണഭാഗം പ്രവര്‍ത്തിപ്പിച്ച് ഉയര്‍ന്നു. നാല് മണിക്കൂറിനുശേഷം ഈഗിള്‍ 1,067 കി.മീ. ഉയര്‍ന്ന് കൊളംബിയയുമായി സന്ധിച്ചു. ഈഗിള്‍ ഉപേക്ഷിച്ച് മൂന്ന് പേരും മാതൃപേടകത്തില്‍ ഭൂമിയിലേക്കു യാത്രതിരിച്ചു. ജൂലാ. 24 ഇന്ത്യന്‍ സമയം 22:20:35-ന് പസിഫിക് സമുദ്രത്തില്‍ ഇറങ്ങി. ഹെലികോപ്റ്റര്‍ അവരെ ഹോര്‍ണറ്റ് എന്ന കപ്പലില്‍ എത്തിച്ചു. 18 ദിവസത്തേക്ക് സഞ്ചാരികള്‍ക്ക് ബാഹ്യലോകവുമായി അടുത്തു പെരുമാറാന്‍ (ഫോണിലൂടെയല്ലാതെ) അനുവാദം നല്കിയില്ല. ചന്ദ്രനില്‍നിന്ന് അജ്ഞാതമായ ഏതെങ്കിലും രോഗാണുവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നതെങ്കില്‍ മനുഷ്യരാശിയെ അത് അപകടത്തിലാക്കുമെന്ന ഭയമായിരുന്നു ഇതിനു കാരണം.





അപ്പോളോ 12


      1969 നവ. 14-ന് യാത്രതിരിച്ചു. 109 മീ. ഉയരവും 3,280 ടണ്‍ ഭാരവുമുള്ള സാറ്റേണ്‍ V എന്ന റോക്കറ്റാണ് അപ്പോളോ 12-നെ വിക്ഷേപിച്ചത്. മാതൃപേടകം (Yankee Clipper) റിച്ചാര്‍ഡ് എഫ്. ഗോര്‍ഡനും (Richard F.Gordon) ചാന്ദ്രപേടകം (Intrepid) അലന്‍ എല്‍. ബീനും (Alan L. Bean) നയിച്ചു. ചാള്‍സ് കോണ്‍റാഡ് ജൂനിയര്‍ (Charles Conrad Jr) ആയിരുന്നു അപ്പോളോ 12-ന്റെ കമാന്‍ഡര്‍. കോണ്‍റാഡും ബീനും ചാന്ദ്രപേടകത്തില്‍ ചന്ദ്രനിലെ 'കൊടുങ്കാറ്റുകളുടെ കടലില്‍' (Sea of Storms) ഇറങ്ങി. അവര്‍ ചന്ദ്രനിലെ പാറകളും മണ്ണും ശേഖരിച്ചു. വിവിധോപകരണങ്ങള്‍ അവിടെ സ്ഥാപിച്ചു. 1967 ഏ.-ല്‍ ചന്ദ്രനില്‍ ഇറക്കിയ സര്‍വേയര്‍-3 എന്ന പേടകം സന്ദര്‍ശിച്ച് അതിന്റെ ടെലിവിഷന്‍ ക്യാമറയും മറ്റു ഭാഗങ്ങളും മുറിച്ചെടുത്ത് ഭൂമിയില്‍ കൊണ്ടുവന്നു. ചന്ദ്രനിലെ അന്തരീക്ഷം അവയെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. നടപ്പിനിടയില്‍ കോണ്‍റാഡ് ഒരു ചരടില്‍ കുടുങ്ങി നിലംപതിച്ചു. ചന്ദ്രനിലെ ആകര്‍ഷണശക്തി ഭൂമിയിലേതിന്റെ ആറിലൊന്നുമാത്രമായതിനാല്‍ അവിടെ വീഴുന്നവര്‍ക്ക് എഴുന്നേല്ക്കാന്‍ വലിയ പ്രയാസം നേരിടുമെന്നായിരുന്നു അന്നുവരെ ധരിച്ചിരുന്നത്. കോണ്‍റാഡിന്റെ വീഴ്ചയും എഴുന്നേല്ക്കലും ഈ ധാരണ മാറ്റാന്‍ സഹായിച്ചു. അപ്പോളോ 12 ന. 24-ന് ഭൂമിയില്‍ തിരിച്ചെത്തി.



     മനുഷ്യനു ചന്ദ്രനില്‍ ഇറങ്ങി ഏതാനും മണിക്കൂര്‍ കഴിച്ചുകൂട്ടാമെന്ന് അപ്പോളോ 11 തെളിയിച്ചു. എന്നാല്‍ അനേകം മണിക്കൂര്‍ ചന്ദ്രനില്‍ കഴിയാമെന്നും പല ജോലികളും ചെയ്യാമെന്നും അപ്പോളോ 12 വ്യക്തമാക്കി.



അപ്പോളോ 13-16



    അപ്പോളോ 13ന്റെ ദൌത്യം പരാജയപ്പെട്ടുവെങ്കിലും സഞ്ചാരികളെ ജീവനോടെ തിരിച്ചെത്തിക്കുവാന്‍ കഴിഞ്ഞു. 1970 ഏ. 11-ന് ജെയിംസ് എ. ലോവലും (James A.Lovell) ഫ്രെഡ് ഡബ്ള്യു. ഹേയ്സും (Fred W.Hoise) ജോണ്‍ എല്‍. സ്വിഗെര്‍ട്ടും (John L.Swigert) അപ്പോളോ 13-ല്‍ യാത്രതിരിച്ചു. 14-ന് രാവിലെ ഓക്സിജന്‍ ടാങ്കില്‍ ഉണ്ടായ ഒരു സ്ഫോടനം നിമിത്തം അപ്പോളോ 13 അപകടത്തിലായി. സഞ്ചാരികളുടെ സുരക്ഷിതമായ തിരിച്ചുവരവ് സംശയത്തിലായി. എങ്കിലും ഏ. 17-ന് അവര്‍ പസിഫിക് സമുദ്രത്തില്‍ വന്നിറങ്ങി.



       1971 ജനു. 31-ന് യാത്ര ആരംഭിച്ച അപ്പോളോ 14-ന്റെ കമാന്‍ഡര്‍ ആദ്യത്തെ യു.എസ്. ബഹിരാകാശസഞ്ചാരിയായ അലന്‍ ബി. ഷെപ്പേര്‍ഡ് (Alan B Shepard) ആയിരുന്നു. സ്റ്റുവര്‍ട്ട് എ. റൂസാ (Stuart A.Roosa), എഡ്ഗാര്‍ ഡി. മിഷെല്‍ (Edgar D.Mitchell) എന്നിവരായിരുന്നു സഹയാത്രികര്‍.



           അപ്പോളോ 13-ന് നേരിട്ട അത്യാഹിതം ഒഴിവാക്കാന്‍ അപ്പോളോ 14-ന്റെ ഓക്സിജന്‍ ടാങ്കുകളും വൈദ്യുതബന്ധങ്ങളും പ്രത്യേക കരുതലോടെ സംവിധാനം ചെയ്യപ്പെട്ടിരുന്നു. സാധാരണ രണ്ടു ടാങ്കുകളാണ് അപ്പോളോ വാഹനങ്ങളില്‍ ഘടിപ്പിച്ചിരുന്നത്. അപ്പോളോ 14-ല്‍ മൂന്നു ഓക്സിജന്‍ ടാങ്കുകളുണ്ടായിരുന്നു. കൂടാതെ ജലസംഭരണത്തിന്റെ അളവും വര്‍ധിപ്പിച്ചു. അപ്പോളോ 14-ന്റെ പ്രയാണം പരാജയപ്പെട്ടാല്‍ യു.എസ്സിന്റെ ബഹിരാകാശപദ്ധതികളെല്ലാം നിര്‍ത്തിവയ്ക്കപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും ദൌത്യം വിജയിച്ചു.

        31-ന് രാത്രി പ്രയാണവേളയില്‍ അപ്പോളോ 14-ന്റെ മാതൃപേടകവും ചാന്ദ്രപേടകവും തമ്മില്‍ സന്ധിക്കാന്‍ രണ്ടു മണിക്കൂര്‍ പരിശ്രമിക്കേണ്ടിവന്നുവെങ്കിലും തകരാറൊന്നും കൂടാതെ ഫെ. 5-ന് ചന്ദ്രനിലെത്തി. ഷെപ്പേര്‍ഡും മിഷെലും അന്റാറീസ് എന്ന ചാന്ദ്രപേടകത്തില്‍ ചന്ദ്രനിലെ 'ഫ്രാമൌറോ (Framauro)' കുന്നിന്റെ സാമാന്യം നിരപ്പുള്ള താഴ്വരയില്‍ ഇറങ്ങി. അപ്പോളോ 11-ഉം 12-ഉം ഇറങ്ങിയത് ചന്ദ്രനിലെ നിരപ്പായ പ്രദേശങ്ങളിലാണ്. അവയ്ക്കു 'ഗലീലിയോ കടല്‍' എന്നു പേരു കൊടുത്തു (ആ പേര് ഇന്നും തുടരുന്നു). എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി അപ്പോളോ 14 ചന്ദ്രനിലെ കുന്നിന്‍പ്രദേശത്ത് ഇറങ്ങി. സ്റ്റുവര്‍ട് റൂസാ 'കിറ്റി ഹോക് (kitty Hawk)' എന്ന മാതൃപേടകം നയിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റു രണ്ടു പേരും ഫ്രാമൌറോ പ്രദേശത്തു ചുറ്റിനടന്ന് പരീക്ഷണങ്ങള്‍ നടത്തി. (ഫ്രാമൌറോ എന്നത് 15-ാം ശ.-ത്തിലെ ഒരു ഇറ്റാലിയന്‍ പുരോഹിതന്റെ പേരാണ്; അറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂപടം ആദ്യമായി തയ്യാറാക്കിയത് അദ്ദേഹമാണ്.) രണ്ടു സഞ്ചാരികളും അന്റാറിസിനുവെളിയില്‍ രണ്ടു പ്രാവശ്യമായി 9 മണിക്കൂര്‍ 22 മി. 32 സെ. ചെലവഴിച്ചു. അവര്‍ ചന്ദ്രനില്‍ ചെലവഴിച്ച സമയം മൊത്തം 33 മണിക്കൂര്‍ 30 മി. 29 സെ. ആണ്. ഫെ. 9-ന് അപ്പോളോ 14 സുരക്ഷിതമായി പസിഫിക് സമുദ്രത്തില്‍ ഇറങ്ങി.
 
                                            


     1972 ഏ. 16-ന് ഞായറാഴ്ച കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നു അപ്പോളോ 16 യാത്രതിരിച്ചു. ജോണ്‍ ഡബ്ള്യു. യങ് (John W.Young) ആയിരുന്നു കമാന്‍ഡര്‍. തോമസ് കെ. മാറ്റിങ്ലി (Thomas K.Mattingly) മാതൃപേടകത്തിന്റെയും ചാള്‍സ് എം. ഡ്യൂക് (Charles M.Duke) ചാന്ദ്രപേടകത്തിന്റെയും പൈലറ്റുമാരായിരുന്നു. യാത്രയ്ക്കും പരീക്ഷണങ്ങള്‍ക്കുമായി മൊത്തം 11 ദിവസം 1 മണിക്കൂര്‍ 51 മി. 5 സെ. ചെലവഴിച്ച അപ്പോളോ 16-ന്റെ ചാന്ദ്രദൌത്യം തികച്ചും വിജയകരമായിരുന്നു.

  ഏ. 21-ന് ചന്ദ്രനിലെ ഉന്നതപ്രദേശങ്ങളില്‍ ഒന്നായ ദെക്കാര്‍ത്തെ(Descartes)-ല്‍ ഇറങ്ങിയ ചാന്ദ്രപേടകത്തില്‍ ജോണ്‍ യങും ചാള്‍സ് ഡ്യൂക്കും ഉണ്ടായിരുന്നു. അവര്‍ മൊത്തം 14 മണിക്കൂര്‍ 20 മി. 14 സെ. ആ പ്രദേശത്ത് മാത്രമായി ചെലവഴിച്ചു. ചാന്ദ്രപര്‍വതനിരകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ദെക്കാര്‍ത്തെയില്‍ സുരക്ഷിതമായി ഇറങ്ങി പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തിയതാണ് അപ്പോളോ 16-ന്റെ ഏറ്റവും വലിയനേട്ടം.

.
    ചന്ദ്രഗോളം ഉദ്ഭവിച്ച കാലം മുതല്ക്ക് സൂര്യരശ്മി ഏറ്റിട്ടില്ലാത്ത ചാന്ദ്രമണ്ണ് അവര്‍ ശേഖരിച്ചു. ചാന്ദ്രജീപ്പ് മണിക്കൂറില്‍ 17 കി.മീ. വേഗത്തില്‍ ഓടിച്ചു. ചന്ദ്രനിലെ 85^0C ചൂടില്‍ ഏതാണ്ട് മൂന്നുദിവസം ചെലവഴിച്ചശേഷം മാറ്റിംഗ്ലിയുമായി ചേര്‍ന്ന് ഏ. 27-ന് അപ്പോളോ 16 പസിഫിക് സമുദ്രത്തില്‍ വന്നിറങ്ങി
അപ്പോളോ 17

    1972 ഡി. 7 ഇന്ത്യന്‍ സമയം പകല്‍ 11:03-ന് കെന്നഡി സ്പെയ്സ് സെന്ററില്‍നിന്നു അപ്പോളോ 17 പുറപ്പെട്ടു. മിഷന്‍ കമാന്‍ഡര്‍ യൂജിന്‍ എ. സെര്‍നാന്‍ ചാന്ദ്രപേടക (ചാലഞ്ചര്‍) ത്തിന്റെ പൈലറ്റ് ശാസ്ത്രജ്ഞനായ ഹാരിസണ്‍ എച്ച്. ഷിമിറ്റ്, റോണാള്‍ഡ് ഇവാന്‍സ് എന്നിവരായിരുന്നു ഇതിലെ യാത്രക്കാര്‍. കൂടാതെ അഞ്ച് എലികളും ഉണ്ടായിരുന്നു. ഡി. 12 വെളുപ്പിന് ഇന്ത്യന്‍ സമയം 01:24:57-ന് ചാന്ദ്രപേടകം ചന്ദ്രോപരിതലത്തിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി. ഇവാന്‍സും എലികളും 90 കി.മീ. ഉയരത്തില്‍ മാതൃപേടകത്തില്‍തന്നെ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. സെര്‍നാനും ഷിമിറ്റും ചന്ദ്രനില്‍ താപപ്രവാഹപരീക്ഷണം നടത്തി. അവര്‍ ചാന്ദ്രജീപ്പില്‍ യാത്രചെയ്തു. തെര്‍മോമീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. അഗ്നിപര്‍വതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയില്‍ കാലുകള്‍ 20-25. സെ.മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചെമപ്പുനിറത്തിലുള്ള പാറകള്‍ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു.

    ഇതോടെ ആറു തവണയായി 12 പേര്‍ ചന്ദ്രനില്‍ പോയി. ആദ്യമായി ഒരു ശാസ്ത്രജ്ഞന്‍ പോയത് 6-ാം തവണയാണ്. 3 ദിവസം 2 മണിക്കൂര്‍ 59 മി. 40 സെ. ചന്ദ്രനില്‍ കഴിച്ച് ഡി. 20 ഇന്ത്യന്‍ സമയം 00:54:59 പസിഫിക് സമുദ്രത്തില്‍ വന്നിറങ്ങി.
പദ്ധതിയുടെ വിരാമം

 ചന്ദ്രന്റെയും സൌരയൂഥത്തിന്റെയും ഉത്പത്തിശാസ്ത്രം മനസ്സിലാക്കുകയായിരുന്നു. അപ്പോളോ 17-ന്റെ പ്രധാനദൌത്യം. അപ്പോളോ പദ്ധതിക്ക് ഇതോടെ വിരാമമായി. 1966 മുതല്‍ 350,000 ആളുകള്‍ അപ്പോളോ ബഹിരാകാശ വാഹനങ്ങളും സാറ്റേണ്‍ റോക്കറ്റും മറ്റു സാമഗ്രികളും നിര്‍മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. അപ്പോളോയുടെ മാതൃപേടകത്തില്‍തന്നെ ഏതാണ്ട് 2 ദശലക്ഷം സൂക്ഷ്മ ഭാഗങ്ങളുണ്ട്. അപ്പോളോ യാത്രയ്ക്കുവേണ്ടിവന്ന ഇന്ധനം ഉപയോഗിച്ച് ഒരു കാര്‍ ഭൂമിക്കു ചുററും 400 പ്രാവശ്യം ഓടിക്കാം എന്ന് കണക്കാക്കപ്പെടുന്നു. കോടിക്കണക്കിനു ഡോളര്‍ ഓരോ അപ്പോളോ പ്രയാണത്തിനും ചെലവായിട്ടുണ്ട്.
                     
                 

    നാസായുടെ ബഡ്ജറ്റ് ചുരുക്കലിന്റെയും സാറ്റേണ്‍ V റോക്കറ്റുകളുടെ ഒരു ബാച്ചു കൂടെ നിര്‍മിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെയും വെളിച്ചത്തില്‍ അപ്പോളോ 18 മുതല്‍ 20 വരെയുള്ള മൂന്നു പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടു. 'അപ്പോളോ വാഹനവും സാറ്റേണ്‍ V റോക്കറ്റുകളും സ്കൈലാബ് (Skylab) പദ്ധതികള്‍ക്കായി വിനിയോഗിക്കുവാന്‍ തീരുമാനമുണ്ടായി.' എന്നാല്‍ ശേഷിച്ച സാറ്റേണ്‍ V റോക്കറ്റുകളില്‍ ഒന്നുമാത്രമേ പിന്നീട് ഉപയോഗപ്പെടുത്തുകയുണ്ടായുള്ളൂ; മറ്റുള്ളവ മ്യൂസിയം പ്രദര്‍ശന വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്.

                               
~~കടപ്പാട് നാസ,വിക്കി.



അഭിപ്രായങ്ങളൊന്നുമില്ല: